Tuesday, November 24, 2009

ലിബറാന്‍ റിപ്പോര്‍ട്ടും കോണ്‍ഗ്രസിന്‍റെ കളികളും

>രാഷ്ട്രീയം കളിക്കുന്നെങ്കില്‍ കോണ്‍ഗ്രസിനെപ്പോലെ കളിക്കണം. രാജ്യത്ത് രാഷ്ട്രീയ കുതന്ത്രങ്ങള്‍ ഏറ്റവും
ഭംഗിയായി നടപ്പാക്കിയത് ആരാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളൂ, അത് കോണ്‍ഗ്രസാണ്. കുതികാല്‍ വെട്ടും,
കസേരകളിയുമൊക്കെ കോണ്‍ഗ്രസിന്‍റെ കൂടെപ്പിറപ്പാണ്. ആകെ മുങ്ങിത്താഴുമ്പോള്‍ രക്ഷപ്പെടാന്‍ ഒരു കച്ചിത്തുരുമ്പെങ്കിലും
കൊണ്‍ഗ്രസ് കണ്ടെത്തും. അതാണ് കോണ്‍ഗ്രസ്!

ലിബറാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചോര്‍ച്ചയും കോണ്‍ഗ്രസിന്‍റെ മറ്റൊരു അടവുനയമാണെന്ന് പറയാതെ വയ്യ. അവശ്യ വസ്തുക്കളുടെ
വിലക്കയറ്റമുയര്‍ത്തിയ വിവാദങ്ങളും മന്ത്രിമാരുടെ അഴിമതിയും യു പി എ സര്‍ക്കാരിനെ വെള്ളം കുടിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
മാത്രവുമല്ല അഴിമതിക്കേസില്‍പ്പെട്ട ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡയും കോണ്‍ഗ്രസ് നേതാക്കളും തമ്മിലുള്ള ബന്ധവും ദേശീയ
മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തു വരുന്നതിനിടെയാണ് ലിബറാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് പുറത്താകുന്നത്.

എല്ലാം മറയ്ക്കാന്‍ ഒരു മായാവിദ്യ. ഇരുട്ട് കൊണ്ട് ദ്വാരമടയ്ക്കുകയാണ് കോണ്‍ഗ്രസ് തത്വത്തില്‍ ചെയ്യുന്നത്.
പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം ആരംഭിച്ച ദിവസം കരിമ്പ് കര്‍ഷകര്‍ നടത്തിയ പാര്‍ലമെന്‍റ് മാര്‍ച്ചിനെ തുടര്‍ന്ന് മന്ത്രിസഭാ യോഗം
വിളിക്കേണ്ടി വന്നതും കരിമ്പിന്‍റെ വില നിര്‍ണ്ണയം സംബന്ധിച്ച തീരുമാനം തിരുത്തേണ്ടി വന്നതും യു പി എ സര്‍ക്കാരിന് കനത്ത
തിരിച്ചടിയാണ് ഉണ്ടാക്കിയത്. പാവപ്പെട്ട കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് വില നിര്‍ണയിക്കാന്‍ കോര്‍പറേറ്റുകള്‍ക്ക് അനുമതി
നല്‍കാനുള്ള യു പി എ സര്‍ക്കാരിന്‍റെ നീക്കമാണ് ഇവിടെ പൊലിഞ്ഞത്. കര്‍ഷകരുടെ വന്‍ പ്രതിഷേധം കൊണ്‍ഗ്രസിനെ
കുറച്ചൊന്നുമല്ല ഞെട്ടിച്ചത്.

വരും ദിവസങ്ങളില്‍ വിലക്കയറ്റവും സ്പെക്ട്രം അഴിമതിയും പാര്‍ലമെന്‍റില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്ന് കോണ്‍ഗ്രസിന് നല്ല
ബോധ്യമുണ്ട്. പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി സര്‍ക്കാരിനെ എതിര്‍ക്കുന്നത് സര്‍ക്കാരിന്‍റെ പ്രതിച്ഛായ ഇടിക്കും എന്ന ചിന്തയാണ്
കോണ്‍ഗ്രസിനെ ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ പ്രേരിപ്പിച്ച മറ്റൊരു വിഷയം. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഒതുമേഖലാ
സ്ഥാപനങ്ങലുടെ ഓഹരി വിറ്റഴിക്കാന്‍ കോണ്‍ഗ്രസ് നടത്തുന്ന ഉദ്യമങ്ങളും പാര്‍ലമെന്‍റില്‍ വിഷയമാകുമെന്ന് മുന്‍‌കൂട്ടി കാണാനുള്ള
ബുദ്ധി കൊണ്‍ഗ്രസിനുണ്ടാകണമല്ലോ.

ഇനിയും കുറേയേറെ മറയ്ക്കാന്‍ കോണ്‍ഗ്രസിന് ഒരു ആയുധം വേണമായിരുന്നു. അതാണ് ലിബറാന്‍ റിപ്പോര്‍ട്ട് കൊണ്ട് കോണ്‍ഗ്രസ്
നേടിയത്. പ്രതിരോധ വാഹനങ്ങളുടെ നിര്‍മ്മാണം രാജ്യത്തെ പ്രമുഖ വാഹന നീര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയ്ക്ക് 3.5
ബില്യന്‍ ഡോളറിന് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഏല്‍പ്പിച്ചത്. ഇവ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്താല്‍ ഉണ്ടാകുന്ന പുകിലുകള്‍
എന്താകുമെന്ന് കോണ്‍ഗ്രസിന് നന്നായറിയാം. മാത്രവുമല്ല, അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി ഒബാമയുമായി ഒപ്പിടാന്‍
പോകുന്ന കരാറുകളൊന്നും തന്നെ പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്തിട്ടില്ല. കോണ്‍ഗ്രസിന്‍റെ ഈ ഏകപക്ഷീയ സ്വഭാവം ആര്‍ക്കും ചര്‍ച്ച
ചെയ്യാന്‍ അവസരമുണ്ടാകരുത് എന്നും അവര്‍ ആഗ്രഹിക്കുന്നു.

വിലക്കയറ്റമടക്കമുള്ള ജനകീയ പ്രശ്നങ്ങള്‍ക്ക് തത്കാലം പാര്‍ലമെന്‍റില്‍ മറുപടി പറയുകയും വേണ്ട. പൊതുമേഖലാ
സ്ഥാപനങ്ങളുടെ ഓഹരി വിപനയും ധനമന്ത്രാലയത്തിന്‍റെ നവലിബറല്‍ നയങ്ങളും സുഗമമായി നടപ്പാക്കാം. ലിബര്‍ഹാന്‍ ബഹളത്തില്‍
അതൊന്നും ആരും കാണില്ല. അല്ലാതെ അയോധ്യയില്‍ പള്ളി തകര്‍ക്കപ്പെട്ടതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍
കൊണ്ടുവരണമെന്ന ഉദ്ദേശശുദ്ധി കോണ്‍ഗ്രസിനുണ്ടെന്ന് വിശ്വസിക്കാന്‍ മാത്രം സദ്ഗുണ സമ്പന്നരല്ലല്ലോ അവര്‍.
അങ്ങനെയായിരുന്നെങ്കില്‍ കോണ്‍ഗ്രസുകാരനായ നരസിംഹ റാവു കേന്ദ്രം ഭരിക്കുമ്പോള്‍ ബാബ്‌റി മസ്ജിദ്
തകര്‍ക്കപ്പെടുമായിരുന്നില്ലല്ലോ.
>
കടപ്പാട് വെബുനിയ

5 comments:

  1. അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി ഒബാമയുമായി ഒപ്പിടാന്‍ പോകുന്ന കരാറുകളൊന്നും തന്നെ പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്തിട്ടില്ല.

    ഇന്ത്യയിലെ ഏറ്റവും വലിയ ‘ജനാധിപത്യ’ കക്ഷിയാവുമ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ല. കാരണവര്‍ക്ക്.....:)

    ഈ അവസരം സംഘപരിവാറിന്റെയും കോണ്‍ഗ്രസിന്റെയും പൊള്ളത്തരം തുറന്ന് കാട്ടുവാന്‍ ഉപയോഗിക്കുക എന്നതാണ് നമ്മുടെ ചുമതല.

    ReplyDelete
  2. വെറുതെയല്ല അവര്‍ രാജ്യം ഭരിക്കുന്നത്. നവലിബറലല്‍ ലോകം അങ്ങനെയാണ്. ‘സാമര്‍ത്ഥ്യ‘മുള്ളവര്‍ ഭരിക്കും.

    ReplyDelete
  3. ജിവിയും ബൈജു ഏലിക്കാട്ടൂരും മതം മാറുന്നെന്നറിഞ്ഞതില്‍ സന്തോഷമുണ്ട്‌, വൈകി ആണെങ്കിലും വിവേകം ഉദിക്കുന്നത്‌ നല്ലതു തന്നെ, എന്നാല്‍ ഈ പുതിയ തിങ്ക്‌ ടാങ്ക്‌ ആരാണെന്നാണു അറിയേണ്ടത്‌ ഇനി കോണ്‍ഗ്രസിനേ ഭാവിയുള്ളു എന്നു മുരളീധരനെപോലെ എല്ലാവരും തിരിച്ചറിയുന്നു

    ReplyDelete
  4. ഹൊ! എന്റെ ആരുഷി, ഞാന്‍ സാമര്‍ത്ഥ്യം കൊമയിലിട്ടത് ദുസ്സാമര്‍ത്ഥ്യം എന്ന അര്‍ത്ഥത്തിലാ. ഇങ്ങനെ പലതിന്റെയും ശരിക്കുള്ള ഉദ്ദേശം മനസ്സിലാവാത്തതുകൊണ്ടാ ആരുഷി ഒരു കോണ്‍ഗ്രസ്സുകാരാനായിരിക്കുന്നത്.

    നവലിബറല്‍ ലോകം ദുസ്സാമര്‍ത്ഥ്യക്കാര്‍ക്കും ദുരാഗ്രഹികള്‍ക്കും ബഹുഭൂരിപക്ഷം വരുന്ന മറ്റുള്ളവരെ കെടുതിയിലേക്ക് തള്ളിയിട്ട് അധികാരവും സമ്പത്തും കൈപ്പിടിയിലൊതുക്കാനുള്ള അവസരം നല്‍കുന്നു. അതിനെ ചെറുക്കുന്ന മതത്തില്‍നിന്നും ഒരു കാലത്തും മാറാന്‍ എനിക്ക് കഴിയില്ല.

    ReplyDelete
  5. Oralude nerku kaiviral choondumbol backi 3 viralukal nammude nerku choondunnu.

    ReplyDelete